ബാങ്കുകളിൽ ഉള്ള നമ്മുടെ നിക്ഷേപങ്ങൾ എത്രമാത്രം സുരക്ഷിതമാണ്? അവ നഷ്ടപ്പെടുമോ??!!!
സാമാന്യ ജനങ്ങൾക്കിടയിൽ വളരെയേറെ ആശങ്കയും, ഉത്കണ്ഠയും, പരിഭ്രാന്തിയും, ഉളവാക്കിയിട്ടുള്ള ഒരു വിഷയമാണ് പുതുതായി പ്രാബല്യത്തിൽ കൊണ്ടുവരാൻ ആലോചിക്കുന്ന FSDR Bill അഥവാ FINANCIAL SECTOR DEVELOPMENT REGULATION (RESOLUTION) BILL 2019.
എന്താണ് FSDR BILL?
ഏതെങ്കിലും ഒരു ബാങ്കോ മറ്റു ധനകാര്യ സ്ഥാപനമോ ( Banks, Insurance Companies, NBFCs, etc) കെടുകാര്യസ്ഥത (Mismanagement) മൂലം നിഷ്ക്രിയ ആസ്തികൾ (NPA) അഥവാ കിട്ടാക്കടം കൂടുകയും, പ്രവർത്തനം നിലച്ചു പോവുകയും, അതിൻറെ നിലനിൽപ്പ് ഇല്ലാതായി തീരുകയും ചെയ്യുന്ന സാഹചര്യത്തിൽ; ഇക്കാലമത്രയും സർക്കാരുകൾ ചെയ്തു പോന്നിരുന്നത് അവക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുകയോ, മറ്റു ദേശസാൽകൃത ബാങ്കുകളെ കൊണ്ട് ഏറ്റെടുപ്പിക്കുകയോകയോ, ലയിപ്പിക്കുകയോ ചെയ്യുന്ന ഒരു രീതിയാണ്.
ഈ രീതി മാറ്റിക്കൊണ്ട്, അത്തരത്തിലുള്ള ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും നിലനിൽപ്പിനുവേണ്ടി നൽകിയിരുന്ന സർക്കാർ സാമ്പത്തിക സഹായങ്ങളും, മറ്റു നടപടികളും (BAIL OUT) നിർത്തലാക്കി, ഇടപാടുകാരുടെ നിക്ഷേപങ്ങൾ കണ്ടുകെട്ടുകയോ, മൂലധനത്തിൽ ലയിപ്പിക്കുകയോ (BAIL IN) ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രാവർത്തികമാക്കാനുള്ള ഒരു സംവിധാനം നിലവിൽ കൊണ്ടുവരുന്നതിനാണ് ഈ ബില്ല് ലക്ഷ്യമിടുന്നത്.
പശ്ചാത്തലം (Background)
2008-09 വർഷത്തിൽ ആഗോളവ്യാപകമായി ഒരു സാമ്പത്തികമാന്ദ്യം (The great Recession) ഉടലെടുക്കുകയും, പല ലോക രാഷ്ട്രങ്ങളുടെയും സാമ്പത്തിക അവസ്ഥയെ പിടിച്ചുലക്കുകയും ചെയ്തിരുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയിലാണ് (USA). അവിടെ അനവധി പ്രമുഖ ബാങ്കുകൾ നിഷ്ക്രിയ ആസ്തികളുടെ ബാഹുല്യം മൂലം കൂപ്പു കുത്തുകയും പ്രവർത്തനം നിലച്ചു പോവുകയും ചെയ്യുന്ന ഒരു അവസ്ഥ സംജാതമായി. USA സർക്കാർ, ഫെഡറൽ റിസർവിൽ നിന്ന് സാമ്പത്തിക സഹായം നൽകിക്കൊണ്ട് ചില ബാങ്കുകളെ രക്ഷപ്പെടുത്തി. മറ്റു ചില ബാങ്കുകൾ നിലച്ചു പോവുകയും ചെയ്തു.
ഈ സാമ്പത്തിക മാന്ദ്യം യൂറോപ്പിലേക്കും ജപ്പാനിലേക്കും പടർന്നു പിടിക്കുകയും, G-7 രാഷ്ട്രങ്ങളുടെ ( USA, Canada, France, Germany, Italy, and Japan) ഉച്ചകോടി FSB (Financial Stability Board) എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു. G7 രാജ്യങ്ങൾക്ക് പുറമേ, ഇന്ത്യയുൾപ്പെടെ മറ്റു പല രാജ്യങ്ങളും ഈ സംഘത്തിൽ അംഗത്വം എടുക്കുകയും ചെയ്തു. FSB യുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മുകളിൽ സൂചിപ്പിച്ച ബില്ലിന്റെ മാതൃകയിൽ നിയമനിർമാണം നടത്തുകയും ചെയ്തു ചെയ്തു.
ഭൂരിഭാഗം ലോക രാഷ്ട്രങ്ങളിലും ദേശസാൽകൃത ബാങ്കുകളുടെ (Nationalised Banks) എണ്ണം വളരെ തുച്ഛമാണ്. ചൈന പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ അത്തരത്തിലുള്ള ബാങ്കുകൾ ഇല്ല എന്നു തന്നെ പറയാം. ഇവിടെയാണ് ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യേകത. ഇന്ത്യയിൽ ബാങ്ക് ഇടപാടുകളുടെയും, മറ്റു സാമ്പത്തിക ഇടപാടുകളുടെയും സിംഹ ഭാഗവും ദേശസാൽകൃത സ്ഥാപനങ്ങളിലൂടെയാണ് നടക്കുന്നത്.
2019 സാമ്പത്തിക വർഷാന്ത്യത്തിൽ ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം (Fixed Deposit) 77,33,000 കോടി രൂപയോളമാണ്. ഇത് മൊത്തം സ്ഥിര നിക്ഷേപങ്ങളുടെ ഏകദേശം 66 ശതമാനമാണ്. ഇതിൽ തന്നെ നല്ലൊരു പങ്ക് നമ്മുടെ മുതിർന്ന പൗരന്മാരുടെ ( Senior Citizens) നിക്ഷേപങ്ങളാണ്.
ഈയൊരു പശ്ചാത്തലത്തിലാണ് പ്രസ്തുത ബില്ലിന്റെ നേട്ടങ്ങളും, പ്രത്യാഘാതങ്ങളും, പ്രസക്തിയും ചർച്ച ചെയ്യപ്പെടേണ്ടത്. യഥാർത്ഥത്തിൽ 2017 ഓഗസ്റ്റ് മാസത്തിൽ FRDI Bill (Financial Resolution and Deposit Insurance Bill, 2017) എന്ന പേരിൽ FSDR ബില്ലിന് സമാനമായ ഒരു ബില്ല് പാസാക്കിയിരുന്നു. ഇന്ത്യയിലെ മൊത്തം കിട്ടാക്കടം 10 ലക്ഷം കോടി രൂപയിൽ എത്തുകയും; 2017 ഒക്ടോബറിൽ ഇതിൽ നിന്ന് 2.11 ലക്ഷം കോടി രൂപ എഴുതി തള്ളുകയും ചെയ്തു. ഈ നടപടി, മുകളിൽ സൂചിപ്പിച്ച ബില്ലിന് എതിരെയുള്ള പ്രതിഷേധത്തിന് ആക്കം കൂട്ടുകയും, സാമ്പത്തിക വിദഗ്ധരുടെയും, പൊതു ജനങ്ങളുടെയും മറ്റും പ്രതിഷേധവും, സമ്മർദ്ദവും മൂലം 2018 ഓഗസ്റ്റിൽ ആ ബില്ല് പിൻവലിക്കുകയും ചെയ്തു.
പ്രവർത്തന രീതി (Modus Operandi)
ഈ ബില്ല് വിഭാവനം ചെയ്യുന്നത് പോലെ ഒരു Resolution Authority (RA) നിലവിൽ വരുകയും, ഇത്തരത്തിലുള്ള ഇടപാടുകളുടെ പൂർണ ചുമതല ആ സ്ഥാപനത്തിൽ നിക്ഷിപ്തമാക്കുകയും ചെയ്യും.
The Resolution Authority can initiate the following actions to resolve the Crisis:
1.Transferring the whole or part of the assets and liabilities to another entity
2. Termination of contracts
3. Writing down of debts
4. Modifying for cancellation of liabilities
5. Mergers
6. Acquisition
7. Setting up of bridge institutions, etc.
മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾക്കായി, Insolvency and Bankruptcy act, The Companies Act 2013, The SEBI Act 1992, Pension Fund Regulatory and Development Authority, Payment and Settlement Systems Act, The Multi-State Cooperative Societies Act, Reserve Bank of India Act, Insurance Act, National Housing Bank Act, Export-Import Bank of India Act, Banking Companies (Acquisition and Transfer of Undertaking) Act, The Central Goods and Services Tax Act, Regional Rural Banks Act, General Insurance Business (Nationalisation) Act, Income Tax Act, Customs Act, Securities Contracts Regulation Act, Life Insurance Corporation Act and State Bank of India Act, മുതലായ നിയമങ്ങളിൽ ഇതിനായി ഭേദഗതികൾ വരുത്തേണ്ടതായിട്ടുണ്ട്.
നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനും, ആയതിന് പരിധി നിശ്ചയിക്കുന്നതിനും RA ക്ക് അധികാരമുണ്ടായിരിക്കും. ഇൻഷുറൻസ് പരിരക്ഷ നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തിയേക്കും. ഇൻഷുറൻസ് പരിധിക്കുള്ളിൽ ഉള്ള നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും.
വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ നിർദ്ദിഷ്ഠ ബില്ല് കേന്ദ്ര ക്യാബിനറ്റ് അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് ലോക്സഭയിൽ അവതരിപ്പിക്കും.
പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടുന്ന വ്യവസ്ഥകൾ സർക്കാർ തീർച്ചയായും പരിഗണിച്ച്, ഉൾക്കൊള്ളിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Also available on Facebook Page: AUDITOR INDIA.
CA. Mohamed Asharaf; FCA, DISA (ICA)
Chartered Accountant,
Kodungallur|Fujairah|Dubai
auditorindia@gmail.com +919447746535
Comments
Post a Comment