2019-20 സാമ്പത്തികവർഷം അവസാനിക്കുന്നതു വരെ, Non Resident Indian (NRI) എന്ന നിർവചനത്തിൽ ഉൾപ്പെട്ടിരുന്നത് ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസങ്ങളിൽ താഴെ മാത്രം ഇന്ത്യയിൽ വസിച്ചിട്ടുള്ള വ്യക്തികളാണ്. എന്നാൽ 2020 ലെ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ 182 ദിവസമെന്ന സമയപരിധി 120 ദിവസം ആയി കുറച്ചു. അതായത് ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ ഒന്നിച്ചോ, പലപ്പോഴായോ താമസിച്ചിട്ടുണ്ട് എങ്കിൽ ആ വ്യക്തിയുടെ NRI status മാറി, Redident എന്ന status ആകും. ഈ നിയമ ഭേദഗതി നിർദ്ദേശം പ്രവാസികൾക്കിടയിൽ ഒട്ടേറെ ആശങ്കകൾ ഉണ്ടാക്കുകയും പൊതുവിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയും ഉണ്ടായി.
ആയതിന്റെ അടിസ്ഥാനത്തിൽ പൊതുജന വികാരം മാനിച്ചു ചില ഭേദഗതികൾ വരുത്തി കൊണ്ടാണ് ബഡ്ജറ്റ് പാസാക്കിയത്. അതുപ്രകാരം, ഇന്ത്യയിൽ വസിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടാതെ, വരുമാനവും കൂടി കണക്കിലെടുത്തു കൊണ്ടാണ് Residential Status നിർണയിക്കുന്നത്. അതായത് ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിയുടെ ഇന്ത്യയിലുള്ള വരുമാനം 15 ലക്ഷം രൂപയിൽ താഴെയായിരിക്കുകയും, അയാൾ 180 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിക്കുകയും ചെയ്തിട്ടുള്ളൂ എങ്കിൽ ആ വ്യക്തി NRI ആയി തുടരും. അല്ലാത്തപക്ഷം ആ വ്യക്തി ഇന്ത്യയിൽ Resident ആയി മാറും.
ഈ ഭേദഗതി 2020-21 സാമ്പത്തികവർഷം മുതൽ പ്രാബല്യത്തിൽ വരും
Residential Status ന് ഉള്ള പ്രാധാന്യം എന്താണ്
മുകളിൽ സൂചിപ്പിച്ച പ്രകാരം ഒരാളുടെ NRI Status നഷ്ടമാകുകയും ആ വ്യക്തി Resident ആകുകയും ചെയ്താൽ അയാൾക്ക് ഉണ്ടാകുന്ന നികുതി ബാധ്യതകൾ എന്താണെന്ന് പരിശോധിക്കാം.
ഏതൊരു ഇന്ത്യക്കാരനും, അയാളുടെ Status ഏതായിരുന്നാലും, അയാൾക്ക് ഇന്ത്യയിൽ ഉണ്ടാകുന്ന എല്ലാ വരുമാനങ്ങൾക്കും ആദായ നികുതി നൽകേണ്ടതായിട്ടുണ്ട് (NRE അക്കൗണ്ടിലും FCNR അക്കൗണ്ടിലും ലഭിക്കുന്ന പലിശ ഒഴികെ)
എന്നാൽ ഒരു NRI ആയ വ്യക്തിക്ക് അയാളുടെ ഇന്ത്യയിലുള്ള വരുമാനത്തിന് നികുതി നൽകേണ്ടതും, വിദേശത്ത് ഉണ്ടാകുന്ന വരുമാനങ്ങൾ ഇന്ത്യയിൽ നികുതി വിധേയമല്ലാത്തതുമാണ്. അപ്പോൾ ആ വ്യക്തിയുടെ Status മാറി, Resident ആകുന്നതു മൂലം ഇന്ത്യയിൽ ഉണ്ടാകുന്നതും വിദേശത്ത് ഉണ്ടാകുന്നതുമായ എല്ലാ വരുമാനങ്ങൾക്കും നികുതി നൽകേണ്ടതായി വരും.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രവാസികൾ, അവരുടെ ഇന്ത്യയിൽ ഉണ്ടാകുന്ന വരുമാനം നിരീക്ഷിച്ച് ക്രമപ്പെടുത്തുകയും, താമസ കാലാവധി പുതിയ ഭേദഗതി അടിസ്ഥാനമാക്കി ആസൂത്രണം ചെയ്യുകയും വേണം.
NRI Status നിലനിർത്തി, ആദായ നികുതി നൽകാതിരിക്കാനുള്ള പഴുതുകൾ അടക്കുവാൻ ഉദ്ദേശിച്ചാണ് ഈ പുതിയ ഭേദഗതി.
NRI, RESIDENT എന്നീ status കൾക്ക് പുറമേ, RNOR എന്നൊരു പദവി കൂടി ഉണ്ട്. അതിനെ കുറിച്ച് പിന്നീട് പ്രതിപാദിക്കാം.
CA. Mohamed Asharaf, FCA, DISA (ICA)
12.08.2020
Comments
Post a Comment