മലയാളി ഒച്ച്
രാവിലെ എഴുന്നേറ്റപ്പോൾ പതിവ് കടുംചായ കാണാഞ്ഞ് സഹധർമിണിയെ തിരക്കി അടുക്കളയിൽ പോയി. സ്വയം പിറുപിറുത്തു കൊണ്ട് ശകാര വാക്കുകൾ പുലമ്പികൊണ്ടിരിക്കുന്ന അദ്ദേഹത്തെ നോക്കി കാരണം ആരാഞ്ഞപ്പോൾ ഒരു പല്ലി ദേഹത്ത് വീണതാണ് കാരണമെന്ന് മനസ്സിലായി.
ആളെ കയ്യിലെടുക്കാനും, ചായ ലബ്ധി ഉറപ്പാക്കാനുമായി ഞാൻ പറഞ്ഞു .. ഈ പല്ലി ദേഹത്ത് വീണാൽ അവലക്ഷണമാണ് എന്ന് പറയുന്നത് ഒരു പഴങ്കഥയാണ്. യഥാർത്ഥത്തിൽ അതല്ല സത്യം, ഏറ്റവും സൗന്ദര്യമുള്ളവരുടെ _അത് ആണായാലും പെണ്ണായാലും ദേഹത്ത് മാത്രമേ പല്ലി ചാടി വീഴു. ആരുടെ കാര്യം വേണമെങ്കിലും എടുത്ത് പരിശോധിച്ചോളൂ. നടന്നുവരുന്ന വ്യക്തിയുടെ സൗന്ദര്യം കണ്ട് മതിമറന്ന് ആലസ്യത്തോടെ അവരിലേക്ക് പതിക്കുകയാണ് പാവം പല്ലി ചെയ്യുന്നത്. അത് ഒരു പ്രണയ സന്ദേശം ആണ്. അതിനെ ഒരിക്കലും ശപിക്കരുത്. പിന്നെ പ്രണയം ഒരു ദുരന്തം ആണെങ്കിൽ പല്ലിയുടെ പതനവും ഒരു ദുരന്തമായി കണക്കാക്കാം. ഇത്രയും പറഞ്ഞപ്പോൾ പുള്ളിക്കാരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. കളിയാക്കേണ്ട എന്ന് പറഞ്ഞ് ചായ റെഡിയാക്കി തന്നു.
രാവിലെ ഒരാളെ സന്തോഷിപ്പിച്ച ചാരിതാർഥ്യവുമായി, ഒരിക്കലും വായിക്കാൻ ഇഷ്ടപ്പെടാത്ത ദിനപത്രവും ചുരുട്ടി കയ്യിൽ പിടിച്ച് പ്രഭാത സവാരിക്കായി പുറപ്പെട്ടു. പതിവ് വഴിയിൽ സ്ഥിരം ചങ്ങാതിയും കൂടെ കൂടി. ഞങ്ങൾ നടന്നു പോകുന്ന വഴിയുടെ ഓരത്ത് ഒരിടത്ത് പുല്ലും ചെടികളും വളർന്നു കാടായി കിടക്കുന്ന ഒരു വെറുംപറമ്പുണ്ട്. അതിന്റെ മുന്നിലെത്തിയപ്പോഴാണ് റോഡിന് കുറുകെ ഇഴഞ്ഞ് നീങ്ങുന്ന ഒരു ഒച്ചിനെ ഞാൻ കണ്ടത്. “ഇത് എവിടെ നിന്നു വന്നു”, എന്ന് ഞാൻ ഗദ്ഗദം കൊണ്ടു. എന്റെ ചങ്ങാതി വാചാലനായി. അവൻ പറഞ്ഞു.. ഇത് ഒരു സാധാരണ ഒച്ചല്ല. ഇവനൊരു മലയാളി ഒച്ചാണ്, ഇത്രയും സുന്ദരമായ ഈ സ്ഥലം ഉണ്ടായിട്ടും, സുഭിക്ഷമായ ആഹാര സമൃദ്ധി ഉണ്ടായിട്ടും, മറ്റെവിടെയോ കാണാമറയത്തുള്ള അസുലഭ സൗഭാഗ്യം തേടി റോഡിന് കുറുകേ പലായനം ചെയ്യുകയാണ് ഇവൻ. വളരെവളരെ ദുർഘടമാണ് ഈ യാത്ര. ടാറിട്ട റോഡ് വളരെ പരുക്കനാണ്, നിറയെ അപകടങ്ങൾ പതിയിരിക്കുന്നു, മറ്റ് ജീവികളുടെ ആക്രമണവും ഉണ്ടായേക്കാം, എന്നിരുന്നാലും അതൊന്നും വകവെക്കാതെ, തന്റെ ഉറ്റവരെയും ഉടയവരെയും വേർപിരിഞ്ഞു കൊണ്ട് അവൻ അനിശ്ചിത ലക്ഷ്യത്തിലേക്ക് യാത്രയാവുകയാണ്. അപ്പോൾ അവൻ തീർച്ചയായും ഒരു മലയാളിയല്ലേ? അവന്റെ ചോദ്യം എന്നെ പൊട്ടിച്ചിരിപ്പിച്ചു, അതോടൊപ്പം ചെറിയൊരു ചിന്താശകലം കൊണ്ട് എന്നിൽ ഒരു മസ്തിഷ്ക പ്രഹരം ഏൽപ്പിക്കുകയും ചെയ്തു _ പാവം മലയാളി ഒച്ച്.
ഇന്ന് നടക്കാൻ കൂട്ടുകാരൻ ഇല്ല, പ്രഭാതത്തിലെ ഇളം കുളിരും ആസ്വദിച്ച് സവാരി മുന്നോട്ട് പോവുകയാണ്, വളരെ അകലെനിന്നും ഒരു തെരുവ് നായ എതിർ ദിശയിൽ ഓടി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അല്പം ഭയചകിതനായി. അതിനെ എങ്ങനെ നേരിടണം എന്നും, അത് അടുത്തെത്തുമ്പോൾ ഏതു strategy സ്വീകരിക്കണം എന്നുമുള്ള ചിന്തകൾ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു. അത് അടുത്തെത്തുംതോറും എന്റെ ഭയത്തിന്റെ അളവ് കൂടിക്കൊണ്ടിരുന്നു. എന്നിൽ ഭയം വരുമ്പോൾ ശരീരത്തിൽ സംജാതമാകുന്ന അഡ്രിനാലിൻ എന്ന ഹോർമോണിന്റെ ഉൽപാദനം ഞാൻ മനസ്സിലാക്കി. എനിക്ക് ശരീരം ആകെ ഒരു പ്രത്യേക കുളിര് അനുഭവപ്പെട്ടു. ഏതാണ്ട് ഇതേ അവസ്ഥയിലായിരുന്നിരിക്കണം എതിർദിശയിൽ നിന്നും ഓടി വരുന്ന നായയുടെയും. ഞങ്ങൾ പരസ്പരം കടന്നു പോകുന്ന പോയിന്റിലെത്തി, കടന്നുപോവുകയും ചെയ്തു. ഒന്നും തന്നെ സംഭവിച്ചില്ല. ഞാൻ ഒരു കാര്യം ചിന്തിച്ചു…. അനാവശ്യമായ ഒരു ഭയം മൂലം ഞങ്ങൾ രണ്ടുപേരുടെയും രക്ത സമ്മർദം ഉയരുകയും മനസ്സിന് പിരിമുറുക്കം ഉണ്ടാവുകയും ചെയ്തു. പാവം ഞാനും, പാവം നായും.
ജന്മനാ ബിസിനസുകാരനായ ഒരു സുഹൃത്തിന്റെ, “എന്തിലും എവിടെയും എപ്പോഴും ഒരു ബിസിനസ് കണ്ടെത്തണം”എന്ന വാക്കുകൾ അപ്പോഴാണ് എന്റെ ചിന്തയിലേക്ക് ഓടിക്കയറിയത്. ഇവിടെ, ഇന്ന്, മലയാള നാട്ടിൽ, തെരുവുകളായ തെരുവുകൾ അത്രയും കയ്യേറി, ഭീകരാവസ്ഥ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ നായ്‌കൂറ്റരുടെ സൈന്യവും, അവയെ മുലയൂട്ടുന്ന മനുഷ്യ രുപിണികളായ മൃഗ മാതാക്കളും, സർവ മനുഷ്യർക്കും, ജീവികൾക്കും, ഭരണകർത്താക്കൾക്കും ഒരുപോലെ ഉപദ്രവവും തലവേദനയും ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. എന്നാൽ, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ പലയിടത്തും നായയെ സ്വാദിഷ്ടമായ ഒരു ഭക്ഷണമായി കണക്കാക്കുന്നു. അവർ അത് ആസ്വദിച്ച് ഭക്ഷിക്കുന്നു. നമുക്ക് എന്തുകൊണ്ട് ഈ തെരുവ് നായ്ക്കളെ പിടികൂടി അവയെ സംസ്കരിച്ച് അത്തരം രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് കൂടാ..? നമ്മുടെ ശല്യം ഒഴിവാക്കുകയും, ഒരു നല്ല വരുമാനം ഉണ്ടാവുകയും ചെയ്യും. നായ ദൗർലഭ്യം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് അതൊരാശ്വാസമാകുകയും ചെയ്യും. ഗുരു ചിന്തയിൽ ഞാൻ വിനീതനായി. എന്നിലെ ബിസിനസുകാരൻ സട കുടഞ്ഞ് എഴുന്നേറ്റു. ബിസിനസ് ഗുരുവിനെ എത്രയും പെട്ടെന്ന് ഫോൺ ചെയ്ത് ആശയം അറിയിക്കാൻ വീട്ടിലേക്ക് തിരികെ ദ്രുധിയിൽ ഓടി. പാവം എന്റെ ബിസിനസ് ഗുരു
ആഡിറ്റർ
Comments
Post a Comment